മണ്ണെണ്ണ വിതരണം : റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ

പരപ്പനങ്ങാടി : മൂന്നു മാസത്തിലൊരിക്കൽ വിതരണംചെയ്യേണ്ട മണ്ണെണ്ണയുടെ 80 ശതമാനത്തോളം തിരൂരങ്ങാടി താലൂക്കിലെ ഒട്ടുമിക്ക കടകളിലും സ്റ്റോക്ക് ഉണ്ടായിട്ടും ഇനി വിതരണത്തിന് ആവശ്യമുള്ളതിന്റെ അഞ്ചും ആറും ഇരട്ടി മണ്ണെണ്ണ വാങ്ങാൻ താലൂക്ക് സപ്ലൈ ഓഫീസിൽനിന്ന് നിർബന്ധിക്കുന്നതായി റേഷൻ വ്യാപാരികൾ.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വാഹനങ്ങളിൽ മാത്രമേ മണ്ണെണ്ണ കൊണ്ടുപോകാൻ പാടുള്ളൂ. ഈ നിയമം കാറ്റിൽപ്പറത്തി യാതൊരു സുരക്ഷയും ഇല്ലാത്ത ഗുഡ്‌സ് ഓട്ടോറിക്ഷകൾ പോലുള്ള വാഹനങ്ങളിലടക്കം മണ്ണെണ്ണ കയറ്റിക്കൊണ്ടുപോകാൻ നിർബന്ധിക്കുകയാണ്.
സെപ്റ്റംബർ മാസം അവസാനിക്കുന്ന ത്രൈമാസ വിതരണത്തിന് ആവശ്യമുള്ള മണ്ണെണ്ണ മാത്രമേ വിട്ടെടുക്കുകയുള്ളൂവെന്ന് റേഷൻ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസറെയും ജില്ലാ സപ്ലൈ ഓഫീസറെയും രേഖാമൂലം അറിയിച്ചു.

ബാക്കി മണ്ണെണ്ണ മൊത്തവിതരണ ഡിപ്പോയിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കണം. അല്ലാത്തപക്ഷം ഓണം സ്പെഷ്യലായി മഞ്ഞ കാർഡുകൾക്ക് സർക്കാർ അനുവദിച്ച അരലിറ്റർ മണ്ണെണ്ണയടക്കം വിതരണംമുടങ്ങും. അതിന് റേഷൻവ്യാപാരികൾ ഉത്തരവാദികളായിരിക്കില്ലെന്നും അറിയിച്ചു. മറ്റെല്ലാ വിഭാഗം ജീവനക്കാർക്കും ഓണം അലവൻസും ബോണസും മുൻകൂർ വേതനവും സർക്കാർ പ്രഖ്യാപിച്ചിട്ടും റേഷൻ വ്യാപാരികൾക്ക് അവഗണനയാണ്. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാൻ താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബഷീർ പൂവഞ്ചേരി അധ്യക്ഷനായി.

താലൂക്ക് ജനറൽ സെക്രട്ടറി ജയകൃഷ്ണൻ കിഴക്കേടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കുഴിക്കാട്ടിൽ, താലൂക്ക് ഓർഗനൈസിങ് സെക്രട്ടറി വി.പി. കാദർ ഹാജി, താലൂക്ക് ജോയിൻ സെക്രട്ടറിമാരായ ബാവ പടിക്കൽ, കെ.വി.പി. കോയമ്മു, ട്രഷറർ കെ.പി. മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments